ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മണക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
മണക്കാട് പഞ്ചായത്തിന്റെ ചരിത്രത്തിന് പൌരാണിക കേരള ചരിത്രത്തോളം പഴക്കമുണ്ട്. ബൌദ്ധകാലത്തിന് മുന്‍പ് പ്രചുരപ്രചാരം സിദ്ധിച്ചിരുന്ന ആരാധനാകേന്ദ്രങ്ങളായിരുന്ന കാവുകളുടെ അവശിഷ്ടങ്ങള്‍ പഞ്ചായത്ത് പ്രദേശത്ത് കാണപ്പെടുന്നു. കൈപ്പിള്ളി, വരയ്ക്കത്താനം, പൂതക്കാവ്, മഠത്തിപ്പറമ്പ് എന്നീ പ്രദേശങ്ങള്‍ 1962 വരെ മണക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ പുറപ്പുഴ പഞ്ചായത്തിന്റെ പലഭാഗങ്ങളില്‍ കാണപ്പെടുന്ന പുതുച്ചിറക്കാവ് തുടങ്ങിയ കാവുകളും ഇപ്പോഴത്തെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന കോലാനിക്കടുത്ത അമരംകാവും ഈ പഞ്ചായത്തിന്റെ പഴയകാലസമ്പത്താണ്. ഈ കാവുകള്‍ പൊതുവെ സമതലപ്രദേശങ്ങളോടും വയലുകളോടും ജലധാരകളോടും ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത് എന്നതില്‍ നിന്നും മനുഷ്യന്റെ വാസകേന്ദ്രങ്ങള്‍ ഈ കാവുകളുടെ തന്നെ പരിസരങ്ങളായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാന്‍ കഴിയും. ഈ കാവുകളില്‍ കാണപ്പെടുന്ന ബിംബരൂപങ്ങളില്‍ നിന്നും പ്രകൃതി ആരാധന സാര്‍വ്വത്രികമായി നടന്നിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. മുന്‍പ് ഉണ്ടായിരുന്ന കാവുകളുടെ സ്ഥാനത്ത് ആരാധനാലയങ്ങളായ അമ്പലങ്ങളുടെ സ്ഥാപനവും ദേവ-ദേവി പ്രതിഷ്ഠകളുമാണ് എ.ഡി. ആദ്യ നൂറ്റാണ്ടുകളില്‍ തുടങ്ങി ഇങ്ങോട്ടുള്ള ചരിത്രത്തില്‍ ദൃശ്യമാകുന്നത്. ഏഷ്യാ മൈനറില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനത്തിനായി യാത്ര തിരിച്ച സെന്റ് തോമസ് കൊടുങ്ങല്ലൂരില്‍ എത്തുകയും അവിടെ നിന്നും അദ്ദേഹം ജലമാര്‍ഗ്ഗം നിരണത്തെത്തുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പ്രേഷിതന് തമിഴ് വാണിഭ സംഘവുമായി ബന്ധമുണ്ടായിരുന്നതുമൂലം നിരണത്തു നിന്നും കൊല്ലം വഴി പാണ്ടിനാട്ടുകാരുമൊത്ത് ചെങ്കോട്ടയ്ക്ക് പുറപ്പെട്ടുവെന്നും അച്ചന്‍ കോവിലാറിന്റെ തീരത്തെത്തിയപ്പോള്‍ പ്രേഷിതന്‍ മറ്റൊരു തമിഴ് വ്യാപാര സംഘത്തെ അനുഗമിച്ച് നിലയ്ക്കല്‍ വഴി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട വഴി കീഴ്മലൈനാടിന്റെ പ്രദേശമായ കാരിക്കോടു മൈലക്കൊമ്പ് പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. പ്രേഷിത വരവിനെത്തുടര്‍ന്ന് കേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായ ക്രിസ്തുമത പരിവര്‍ത്തനത്തിന്റെ ഭാഗമായി ഈ ഗ്രാമപ്രദേശത്തും ക്രിസ്തുമത സൂക്തങ്ങള്‍ പ്രചരിക്കുകയും ക്രിസ്തുമത അനുയായികള്‍ ഉണ്ടാവുകയും ചെയ്തു. 1200-1400 വര്‍ഷത്തോളം പഴക്കമുള്ള ഒരു പൌരാണിക ക്രിസ്തീയ ദേവാലയം പഞ്ചായത്തില്‍ നെടിയശാലയില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രസാക്ഷ്യങ്ങള്‍ ഉണ്ട്. ഈ പ്രദേശത്തെ ക്രൈസ്തവരുടെ ആദ്യത്തെ കേന്ദ്രമായിരുന്നു നെടിയശാലയിലെ സെന്റ് മേരീസ് ദേവാലയം. പ്രസ്തുത ദേവാലയവും നെടിയശാല പ്രദേശവും സമീപസ്ഥലമായ വനങ്ങളില്‍ നിന്നും വന്നെത്തിയ കാട്ടാനകളുടെ ആക്രമണത്താല്‍ തകര്‍ക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്ലേജ് റിക്കോര്‍ഡുകളില്‍ “ആനകുത്തി ഒഴിവ്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇതിന് ഉപോത്ബലകമാണ്.
സ്ഥലനാമ ചരിത്രം
വടക്കുംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശമായിരുന്ന നെടിയശാലയില്‍ ഒരു വലിയ പണ്ഡിത ശാലയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. 1960-കള്‍ വരെ ആ ശാലയുടെ അവശിഷ്ടങ്ങള്‍ തൊടുപുഴ പിറവം റോഡിന്റെ കോലാനി മുതല്‍ ഇരുട്ടുതോടുവരെയുള്ള ഭാഗങ്ങളില്‍ കാണുവാന്‍ കഴിഞ്ഞിരുന്നു. കാളകളും, പോത്തുകളും വലിയ്ക്കുന്ന വണ്ടികളോടെ തമിഴ് കച്ചവടവ്യൂഹം നെടിയശാലയില്‍ എത്തിയിരുന്നതായി പൌരാണികര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വലിയ പണ്ഡിതശാല ഇരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് നെടിയശാല എന്ന പേര് ഈ പ്രദേശത്തിന് സിദ്ധിച്ചത്. രാത്രിയില്‍ വെളിച്ചം കൈയ്യിലില്ലാതെ നടക്കാന്‍ കഴിയുന്ന വിശാല വിസ്തൃത വീഥിയായിരുന്നു നെടിയശാല എന്ന സവിശേഷത കൂടെ ഈ പ്രദേശത്തിനുണ്ടായിരുന്നു. വഴികള്‍ ആരംഭിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് വഴിത്തല എന്ന പേര് വില്ലേജ് രേഖകളില്‍ കാണുന്ന വെങ്ങലൂര്‍ കരയ്ക്ക് ഉണ്ടായത്. വടക്കുംകൂര്‍ രാജാവിന്റെ പിറവത്തുനിന്നുള്ള രാജവീഥി കൂത്താട്ടുകുളം, കൊഴിപ്പിള്ളി, മാറിക വഴി മൂലംപുഴ തോടിന്റെ സമീപം അവസാനിച്ചിരുന്നു. തുടര്‍ന്ന് വഴി കാണപ്പെട്ടിരുന്നത് നരിതൂക്കി എന്ന സ്ഥലത്തു നിന്നും നെടിയശാലക്കായിരുന്നു. ഈ രണ്ടു വഴികളുടേയും തലമുട്ടുന്ന സ്ഥലമായതിനാല്‍ വഴിത്തല എന്ന പേരു ലഭിച്ചു. 1940-കളുടെ അടുത്ത് അഞ്ചലാപ്പീസ് സ്ഥാപിതമായതോടെ വഴിത്തല എന്ന കൊച്ചു ദേശനാമത്തിന് കൂടുതല്‍ പ്രചാരമുണ്ടായി. ഇടപ്പള്ളി തമ്പ്രാക്കളുടെ കളരി പരിശീലനകേന്ദ്രം ചിറ്റൂര്‍ കരയില്‍ സ്ഥിതി ചെയ്തിരുന്നു. ഈ അങ്കക്കളം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനാണ് പില്‍കാലത്ത് അങ്കം വെട്ടി എന്ന പേര് കിട്ടിയത്.
സാമൂഹ്യപരിവര്‍ത്തന ചരിത്രം
സര്‍ സി.പി. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ സ്ഥാപിക്കുന്നതിനും ദിവാനെ നാടുകടത്തുവാനുംവേണ്ടി ഈ തിരുവിതാംകൂര്‍ രാജ്യത്ത് നടന്ന നിയമ ലംഘനത്തില്‍ തൊടുപുഴ താലൂക്കില്‍ അറസ്റ്റ് വരിച്ച ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഈ പഞ്ചായത്തു നിവാസിയായ കുഞ്ഞിരാമന്‍ വൈദ്യനാണ്. അദ്ദേഹത്തെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കടന്നുവരികയും അറസ്റ്റു വരിക്കുകയും ചെയ്ത കെ.എം.ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ ഈ പഞ്ചായത്തിലെ തന്നെ ഒരു സ്വാതന്ത്ര്യ സമരസേനാനിയാണ്. സാമൂഹ്യ നീതിക്കുവേണ്ടി വന്ന വൈക്കം സത്യാഗ്രഹ പോരാട്ടത്തില്‍ ഗാന്ധിജിയോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്ന ചാലാശ്ശേരി ശങ്കരനും ഈ പഞ്ചായത്തിന്റെ വീര സന്തതിയാണ്. 1965-ന് ഈ പഞ്ചായത്തിലെ ആരോഗ്യരംഗം ഏതാനും പാരമ്പര്യവൈദ്യന്‍മാരെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ഒന്നും ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. അവ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മണക്കാട്, ആയുര്‍വേദ ഡിസ്പെന്‍സറി പുതുപ്പരിയാരം, ഹോമിയോ ഡിസ്പെന്‍സറി നെടിയശാല തുടങ്ങിയവയാണ്.